പുസ്തകം 40 ലക്കം 22

About Us

മലര്‍വാടി - കുട്ടികളുടെ മാസിക

1980 നവംബറില്‍ കൊച്ചി ആസ്ഥാനമായി പ്രസിദ്ധീകരണം തുടങ്ങി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റിനായിരുന്നു ഉടമസ്ഥാവകാശം. ഇ.വി.അബ്ദു ചീഫ് എഡിറ്ററും പി.ഡി.അബ്ദുല്‍ റസാഖ് എഡിറ്ററുമായിരുന്നു. ടി.കെ.ഉബൈദ്, വി.എ.കബീര്‍, വി.കെ ജലീല്‍, കെ.സി.സലീം, വി.എസ്.സലീം എന്നിവര്‍ പത്രാധിപസമിതിയംഗങ്ങളായിരുന്നു.

കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ വ്യതിരിക്തമായ കാഴ്ചപ്പാടോടെയാണ് മലര്‍വാടി പുറത്തിറങ്ങിയത്. കുട്ടികളുടെ വായനയെ ഗൗരവപൂര്‍വം സമീപിക്കാന്‍ മലര്‍വാടി തയ്യാറായി. മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരന്‍മാരുടെ പിന്തുണയോടെയാണ് മലര്‍വാടി അതിന്റെ ജൈത്രയാത്ര തുടങ്ങിയത്. ഉള്ളടക്കത്തില്‍ മാത്രമല്ല, വരയിലും പേജുസംവിധാനത്തിലുമെല്ലാം വളരെയധികം നിഷ്ഠയോടെയായിരുന്നു മലര്‍വാടി പുറത്തിറങ്ങിയിരുന്നത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാര്‍ട്ടൂണിസ്റ്റ് ബി.എം.ഗഫൂറിനായിരുന്നു. യേശുദാസന്‍, സീരി, വേണു, ശിവന്‍, പോള്‍ കല്ലാനോട് തുടങ്ങിയ ചിത്രകാരന്മാരും വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, എന്‍.പി.മുഹമ്മദ്, തകഴി, വാസുദേവന്‍ നായര്‍ മുതലായ സാഹിത്യകാരന്‍മാരും മലര്‍വാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്.

ചുരുങ്ങിയ കാലയളവില്‍ മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളില്‍ ഒന്നാംനിരയിലെത്താന്‍ മലര്‍വാടിക്ക് കഴിഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള കഥകളും പേടിപ്പെടുത്തുന്ന പ്രേതകഥകളും മലര്‍വാടിയുടെ താളുകളില്‍ കാണാനാവില്ല. കച്ചവടതന്ത്രങ്ങളുടെ പിറകേ പോകാനും മലര്‍വാടി തയ്യാറായില്ല. കവി കുഞ്ഞുണ്ണി മാഷ് കൈകാര്യം ചെയ്തിരുന്ന 'കുഞ്ഞുണ്ണി മാഷും കുട്ട്യോളും' എന്ന പംക്തി മലയാളത്തിലെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുകയുണ്ടായി. 'ദയ എന്ന പെണ്‍കുട്ടി എന്ന പേരില്‍ മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവന്‍നായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരില്‍ ചലചിത്രമായത്. 1986 മുതല്‍ മാസികയുടെ ഉടമസ്ഥാവകാശം മലര്‍വാടി പബ്ലിക്കേഷന്‍സ് ട്രസ്റ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതല്‍ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.